Friday, May 2, 2008

ഇസ്ലാമിനെ പറ്റി

ഇസ്‌ലാം (അറബിയില്‍: الإسلام; al-'islām, ഇംഗ്ലീഷില്‍: Islaam) എന്നത് ഏകദൈവത്തിലധിഷ്ടിതമായ ഒരു മതമാണ്‌. ഖുര്‍ആന്‍ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചന്‍ എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദിന്റെ ഉപദേശങ്ങള്‍ ഖുര്‍-ആനിനെ വിശദീകരിക്കുന്നു. ഇസ്‌ലാം എന്നാല്‍ അറബി ഭാഷയില്‍ (اسلام) കീഴടങ്ങുക, സ്വയം അര്‍‍പ്പിക്കുക എന്നൊക്കെയാണര്‍ഥം. ഏകനായ ദൈവത്തിനു (അറബിയില്‍: ﷲ; മലയാളം: അല്ലാഹ്) മുന്നില്‍ തലകുനിക്കുക, അവന്റെ ആജ്ഞാനുവര്‍ത്തിയാവുക, അവന് മാത്രം സ്വയം അര്‍പ്പിക്കുക എന്നാണ് ഇസ്ലാമിന്റെ സാങ്കേതികാര്‍ഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ മതമായ ഇസ്‌ലാമിന്‌ 140 കോടി അനുയായികള്‍ ഉണ്ട്. ഇസ്‌ലാം മത വിശ്വാസികള്‍ മുസ്‌ലിംകള്‍ എന്നാണ് വിളിക്കപ്പെടുന്നത്‌.
ജിബ്‌രീല്‍ (ഗബ്രിയേല്‍) മാലാഖ മുഖേന അല്ലാഹു മുഹമ്മദിന് നല്‍കിയ വേദമാണ് ഖുര്‍‌ആന്‍ എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഖുര്‍‌ആനും പ്രവാചക ചര്യയുമാണ് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി കരുതപ്പെടുന്നത്. മുസ്‌ലിംകള്‍ മുഹമ്മദിനെ ഒരു പുതിയ മതത്തിന്റെ സ്ഥാപകനായല്ല കാണുന്നത്. മറിച്ച്, അബ്രഹാം(ഇബ്രാഹിം നബി), മോസസ്(മൂസ നബി), യേശു(ഈസ നബി), മറ്റു പ്രവാചകര്‍ എന്നിവര്‍ അവതരിപ്പിച്ച ഏകദൈവ വിശ്വാസം പുനസ്ഥാപിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനായാണ്. അല്ലാഹു അവന്റെ പ്രവാ‍ചകന്മാര്‍ വഴി മനുഷ്യന് നല്‍കിയിട്ടുള്ള ചിന്താപരവും കര്‍മപരവുമായ മാര്‍ഗദര്‍ശനം മാത്രം സ്വീകരിക്കുകയും പിന്തുടരുകയും അതിനെ മാത്രം അനുസരിക്കുകയും ചെയ്യുക എന്നതാണ് ശരി എന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു.
ഇന്ന് ഇസ്ലാം മതം ലോകത്തിന്റെ ഏതു ദിക്കിലും പ്രചാരം നേടിയിടുണ്ട്. പ്രധാനമായും മധ്യ-പൂര്‍വ്വ ഏഷ്യയിലും ഉത്തര പശ്ചിമ പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ന് ഇസ്ലാം മതം ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് വലിയ തോതില്‍ ഇസ്‌ലാം മതം പ്രചരിക്കപ്പെട്ടിട്ടുണ്ട്‌.